
കോഴിക്കോട് ∙ ഇന്ത്യൻ അത്‌ലറ്റിക്സിലെ ഇതിഹാസതാരം ഒളിംപ്യൻ പി.ടി. ഉഷ എംപിക്ക് തണലായി എന്നും ഒപ്പം നിന്ന വ്യക്തി കൂടിയായിരുന്നു അവരുടെ ഭർത്താവും ദേശീയ സർവകലാശാലതല കബഡി താരവുമായിരുന്ന വെങ്ങാലിൽ ശ്രീനിവാസൻ എന്ന വി.ശ്രീനിവാസൻ. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തോടെ പെട്ടെന്ന് ഓട്ടം നിലച്ച സ്റ്റോപ്‌വാച്ച് പോലെയാണ് കോഴിക്കോട് തിക്കോടി പെരുമാൾപുരത്തെ ‘ഉഷസ്’ വീട്. ശ്രീനിവാസന്റെ വിയോഗമറിഞ്ഞ് കായികതാരങ്ങളും രാഷ്ട്രീയ – സാംസ്കാരിക പ്രവർത്തകരും കായികരംഗത്തെ മാധ്യമപ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
